ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അട്ടപ്പാടി പ്രദേശം ഐക്യകേരള രൂപീകരണത്തിന് ശേഷം പാലക്കാട് ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് മണ്ണാർക്കാട് താലൂക്ക് രൂപീകരിക്കപ്പെടുകയും അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകൾ നിലവിൽ വരികയും ചെയ്തു. ഇരുള, മുഡുക, കുറുമ്പ വിഭാഗക്കാരായിരുന്നു അട്ടപ്പാടിയിലെ ആദിമ നിവാസികൾ. 1960-കളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി നിരവധി ആളുകൾ ഇവിടെ കുടിയേറി കാപ്പി, കുരുമുളക്, ഏലം, പരുത്തി, ചോളം തുടങ്ങിയ വിളകൾ കൃഷി ചെയ്തു. അഗളി പഞ്ചായത്തിൽ ഇരുള വിഭാഗക്കാരാണ് കൂടുതലായി താമസിക്കുന്നത്. ടിപ്പുവിന്റെ പടയോട്ടവുമായി ബന്ധപ്പെട്ട ചരിത്രസ്മരണകൾ കോട്ടത്തറ, താവളം, മുക്കാലി എന്നീ സ്ഥലനാമങ്ങളിൽ കാണപ്പെടുന്നു. ചെമ്മണ്ണൂർ മല്ലീശ്വര ക്ഷേത്രോത്സവം അട്ടപ്പാടിയിലെ പ്രധാന ഗോത്രോത്സവമാണ്. ശിവരാത്രി ദിവസം മല്ലീശ്വരമുടിയിൽ ദീപം തെളിയിക്കുന്ന ചടങ്ങ് ഏറെ പ്രസിദ്ധമാണ്. അട്ടപ്പാടിയിലെ പരിസ്ഥിതി സമരങ്ങൾക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അവറാച്ചൻ നേതൃത്വം നൽകിയിരുന്നു. 1962-ൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തോടൊപ്പം അഗളി ഗ്രാമപഞ്ചായത്തും രൂപീകൃതമായി.